പാഠം ഒന്ന് — ജനാധിപത്യം

പാഠം ഒന്ന് — ജനാധിപത്യം

കോളേജിന്റെ രണ്ടാമത്തെ നിലയിൽ, വലതുവശത്ത്‌ അങ്ങേയറ്റത്തെ മുറിയിലായിരുന്നു കൗണ്ടിംഗ്. മുറിയിലുള്ളഎല്ലാവരുടെയും മുഖങ്ങളിലെ അക്ഷമ തെളിഞ്ഞു കാണാം. ക്ലാസ്സ്മുറിയുടെ തുറന്നിട്ട ജനൽപാളിയിലൂടെ താഴേക്ക്നോക്കിയപ്പോൾ റിസൾട്ട് പ്രതീക്ഷിച്ച് നിൽക്കുന്ന ഒരുപാട് കണ്ണുകൾ ഞാൻ കണ്ടു. കൗണ്ടിംഗ് ഏതാണ്ട്അവസാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ ചെറിയൊരുകുറിപ്പിൽ ജയിച്ച സ്ഥാനാർത്ഥിയുടെപേരെഴുതി, മറ്റേ സ്ഥാനാർത്ഥിയുടെ കൗണ്ടിംഗ് ഏജന്റ് താഴേക്ക് എറിഞ്ഞുകൊടുത്തു. നൂലറ്റ പട്ടംപോലെ അത്തെന്നിപ്പറന്ന് ആരുടെയോ കൈകളിലെത്തി. പ്രതീക്ഷയോടെ തങ്ങളുടെ സ്ഥാനാർത്ഥിയുടെ വോട്ടുകളുടെ എണ്ണംവായിക്കാൻ തുനിഞ്ഞ അവരുടെ ആവേശം തനിയെ കെട്ടടങ്ങുന്നത് അവരുടെ മുഖങ്ങളിൽ നിന്നും ഞാൻവായിച്ചെടുത്തു. ഞാൻ എല്ലാവരെയും ഒന്നുകൂടി നോക്കി. ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഞാൻ പതിയെപടവുകളിലൂടെ താഴേക്ക് നടന്നു.

1991 പ്രീഡിഗ്രി കാലം, കോളേജിലെ ആദ്യത്തെ വർഷം. ചെറിയ മേച്ചിൽപുറമായ സ്‌കൂളിൽ നിന്നും വിശാലമായകലാലയ ലോകത്തേക്ക്. മൈതാനത്തേക്ക് നോക്കി നിൽക്കുന്ന മുന്ന് നിലകളുള്ള കോളേജിന്റെ മഞ്ഞകെട്ടിടത്തിന് മുന്നിൽ, ഇരു വശങ്ങളിലായി വരിവരിയായി നിൽക്കുന്ന ഗുൽമോഹറും സൈപ്രസ് മരങ്ങളും. കുറച്ചകലെയായ് മറ്റൊരു ലോകമായ കോളേജ് ആഡിറ്റോറിയം, തെല്ലകലെയായ് കോളേജ് കാന്റീൻ. ഉയരമില്ലാത്തപഴയ കെട്ടിടത്തിലെ സെക്കന്റ് ഗ്രൂപ്പ് ക്ലാസ്സുകളും പുതിയ കെട്ടിടത്തിലെ ഫസ്റ്റ് ഗ്രൂപ്പ് ക്ലാസ്സുകളും അതിനടുത്തായികെമിസ്ട്രി ലാബുകളും. ചെറുതെങ്കിലും മനോഹരമായ ക്യാമ്പസ്. ഒരു വലിയ കാലഘട്ടത്തിലൂടെയാണ്കടന്നുപോകുന്നതെന്ന് പിന്നീട് മനസിലാക്കിതന്ന സുന്ദരമായ കാലം.

ക്ലാസുകൾ തുടങ്ങി, സ്‌കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നവർ ഒഴികെ പുതിയ ചിലർകൂടെ സുഹൃത്തുക്കളായി. സമരദിവസങ്ങളിൽ ഞങ്ങൾ ക്രിക്കറ്റ് കളിക്കുവാനും സിനിമകൾ കാണുവാനും പോയി, യൗവനത്തിന്റെ ആഘോഷങ്ങൾ. അന്നത്തെ സമരങ്ങളുടെ കാരണങ്ങൾ ബഹു രസമായിരുന്നു. കോളേജിന്റെ ബസ്റ്റോപ്പിൽ ചില ബസ്സുകൾനിർത്താത്തതും കാന്റീനിലെ ഭക്ഷണത്തിന്റെ നിലവാരത്തകർച്ചയും സർക്കാരിന്റെ വിദ്യാഭ്യാസനയങ്ങളുംവിദ്യാർഥി സമരത്തിന്റെ ചൂടറിഞ്ഞു. ഞങ്ങൾ പുതിയ ആളുകൾക്ക് സമരങ്ങൾ കാരണം അവധി കിട്ടുന്നത്എന്തായാലും സന്തോഷം ആയിരുന്നു. അങ്ങിനൊരു സമര ദിവസം കൂട്ടുകാരോടൊപ്പം വർത്തമാനംപറഞ്ഞിരിക്കുമ്പോഴാണ് കോളേജിലെ ഇലക്ഷൻ അടുത്തു വരുന്നതിനെക്കുറിച്ച് സുഹൃത്തുക്കളിൽ ഒരാൾപറഞ്ഞത്. രാഷ്ട്രീയമൊക്കെ ചെറുപ്പം മുതൽ ശ്രദ്ധിക്കുന്നത് കൊണ്ട് അക്കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടു. സ്ഥാനാർ‍ത്ഥികൾ വോട്ട് ചോദിച്ചു വരുന്നതും, ക്ലാസ് കട്ട് ചെയ്ത് പ്രചരണത്തിനിറങ്ങുന്നതുമെല്ലാംതെരെഞ്ഞെടുപ്പിന്റെ രസമുള്ള നിമിഷങ്ങൾ സമ്മാനിക്കുമെന്നും ‌ആ സുഹൃത്ത് പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽതന്നെ കോളേജിന്റെ അന്തരീക്ഷം മാറി. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തുടങ്ങി. പ്രത്യകിച്ചുംചെയർമാൻ, മാഗസിൻ എഡിറ്റർ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ. ‍കൂടാതെ പ്രീഡിഗ്രി ക്ലാസ്സുകളിൽനിന്ന് റെപ്രെസെന്റിറ്റിവീസുകളും ഉണ്ടെന്നറിയാൻ കഴിഞ്ഞു.

ഒരു ദിവസം എന്റെ അടുത്ത സുഹൃത്ത് ചെങ്ങന്നൂരിലെ അവന്റെ പാർട്ടി ഓഫീസിലേക്ക് അവനോടൊപ്പം ചെല്ലുവാൻആവശ്യപ്പെട്ടു. അവൻ ഇലക്ഷനിൽ മത്സരിക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ പോയി. അവിടെചെന്നപ്പോൾ മുതിർന്ന പാർട്ടി പ്രവർത്തകർ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. സ്ഥാനങ്ങൾഅനുസരിച്ച് ഓരോരുത്തരുടെയും പേരെഴുതി. എന്റെ കൂട്ടുകാരന്റെ കാര്യം വന്നപ്പോൾ അവന് അതുവരെഇല്ലാത്തൊരു പേടി, ആ ദുഷ്ടൻ എന്റെ പേരാണ് ക്ലാസ് റെപ്രെസെന്റിറ്റീവായി നിർദേശിച്ചത്. അക്കാര്യംഅപ്രതീക്ഷിതമായ് അവൻ പറഞ്ഞപ്പോൾ ഞാനാകെ വല്ലാതായി. ഒടുവിൽ സമ്മതം മൂളിയെങ്കിലും മനസിൽസംശയമായിരുന്നു. ഇന്നത്തെ കാലമല്ലല്ലോ, രാഷ്ട്രീയം എന്നൊക്കെ പറഞ്ഞാൽ വീട്ടിൽ തല്ലുകിട്ടുന്ന കാലമാണ്. വീട്ടിലെ കാര്യം പിന്നീട് നോക്കാമെന്ന് മനസിൽ ഉറപ്പിച്ച് പാർട്ടിയുടെ പാനലിൽ പ്രീ ഡിഗ്രി റെപ്രെസെന്റിറ്റീവായ്എന്റെ പേര് തന്നെ കൊടുത്തു. അങ്ങനെ ഞാൻ ആദ്യമായി ഒരു തെരെഞ്ഞെടുപ്പിൽ മത്സരിക്കുവാൻതയ്യാറെടുത്തു.

വാരാന്ത്യ അവധി കഴിഞ്ഞ് കോളേജിൽ എത്തിയപ്പോഴാണ് മറ്റൊരു വാർത്ത അറിഞ്ഞത്. എന്റെഎതിർപാർട്ടിക്കാരനായ് മത്സരിക്കുന്നത് സുമുഖനും സുന്ദരനും വലിയ സുഹൃദ് വലയങ്ങളുമുള്ള എബ്രഹാമാണ്. കേട്ടപ്പോൾ ഉള്ളൊന്നു തേങ്ങി. ജയസാധ്യത കുറഞ്ഞ പാർട്ടിയുടെ പാനലിൽ ഞാൻ, എതിർവശത്ത് കരുത്തനായസ്ഥാനാർത്ഥി. എങ്കിലും മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു. ഉള്ളിലെ ഭയം ഒതുക്കി പൊരുതുക തന്നെ. പാനലിന്റെ പ്രഖ്യാപനം വന്നെങ്കിലും നോമിനേഷൻ കൊടുക്കുന്നതിന് മുൻപ് ആളുകളോട് വോട്ട്ചോദിച്ചുറപ്പിക്കണം. ഞാൻ എന്റെ കൂടെയുള്ളവരോട് എന്നെ പിന്തുണക്കാൻ പറഞ്ഞു. എന്നോടൊപ്പം വോട്ടുചോദിക്കാൻ വരുമോ എന്നും ചോദിച്ചു. കൂട്ടത്തിൽ തയ്യാറായത് രണ്ടു പേരാണ്, തോമസും പിന്നെ സുനിലും. ഇടവേളകളിൽ അവർ എന്നോടൊപ്പം വന്നു. ഒരുവശത്ത് ഞാനും എന്റെ കൂടെ രണ്ടു പേരും, മറുവശത്ത് ഇളകിമറിക്കുന്ന പ്രചരണം. എതിർ സ്ഥാനാർത്ഥിയുടെ കൂടെയുള്ള ആൾക്കൂട്ടം കണ്ടപ്പോൾ എന്നിലെ ഭയം ഇരട്ടിയായി. അവരങ്ങനെ ഓരോ ക്ലാസ്സുകളിൽ കയറി വിദ്യാർത്ഥികളുടെ വോട്ട് ചോദിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ചില കാര്യങ്ങൾക്കൊരു വ്യക്തത ലഭിച്ചത്. തോമസ് പറഞ്ഞുഅവൻ വിശ്വസിക്കുന്ന പാർട്ടിയും എതിർ പാർട്ടിയും സഖ്യത്തിൽ ഏർപ്പെടുന്നു, അക്കാരണത്താൽപ്രത്യയശാസ്ത്രപരമായി എനിക്കായ് വോട്ട് ചോദിക്കാൻ അവന് അസൗകര്യം ഉണ്ടത്രെ. ഞാൻ ഒന്നും പറഞ്ഞില്ല. തോമസ് പോയപ്പോൾ കൂടെ സുനിൽ മാത്രമായി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുനിലും പോയി. ജയിക്കുമെന്നുറപ്പുള്ള സ്ഥാനാർത്ഥിയെ വിട്ട് എന്റെ കൂടെ വരുന്നതിൽ കാര്യമില്ല എന്നായിരുന്നു അവന്റെ വാദം. അങ്ങനെ അവനും ശത്രു പാളയത്തിലേക്ക് പോയി. ഞാൻ ഒറ്റക്കായി. ആരും കൂടെയില്ലാത്തതിന്റെ അവസ്ഥ ഞാൻഎന്റെ നേതാക്കന്മാരോട് വിശദീകരിച്ചു. ഒറ്റക്കാണെങ്കിലും പതറരുതെന്നും മുന്നോട്ട് തന്നെ പോകൂ എന്നവർപറഞ്ഞു. ഞാൻ അത് ശിരസാവഹിച്ചു. അപ്പോഴേക്കും നോമിനേഷന്റെ സമയമായി. ഞാൻ പ്രചാരണം തുടർന്നു.

സൗമ്യമായ് വോട്ട് ചോദിക്കുന്നതായിരുന്നു എന്റെ രീതി. ഉച്ച ഭക്ഷണ സമയത്തും കോളേജ് വിട്ട ശേഷവുംനിരാശപ്പെടാതെ ക്ലാസ് റൂമുകളിൽ കയറിയിറങ്ങി ഞാൻ വോട്ട് ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ‘മീറ്റ് ദികാൻഡിഡിഡേറ്റ്’ പ്രഖ്യാപിച്ചു, സ്ഥാനാർത്ഥികൾ സ്വയം പരിചയപ്പെടുത്തുന്ന പരിപാടി. കോളേജിലെ സകലവിദ്യാർത്ഥികളെയും സാക്ഷിയാക്കി കോളേജിന്റെ മുറ്റത്ത് സ്ഥാനാർത്ഥികൾ വന്നുനിന്നു. ശേഷം ചെയർമാൻ മുതൽസ്ഥാനാർത്ഥികളോരോരുത്തരും സ്വയം പരിചയപ്പെടുത്തി. അവരവരുടെ യൂണിയൻ കൊണ്ടുവരാൻ പോകുന്നമാറ്റങ്ങൾ വീറോടെ വിശദീകരിച്ചു. ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർത്ഥികൾ തങ്ങളുടെ കഴിവ് തെളിയിക്കാൻപാട്ടുകൾ പാടി. എന്റെ ഊഴത്തിനായ് ഞാൻ കാത്തിരുന്നത് ചങ്കിടിപ്പോടെയാണ്. ആളുകളെ നോക്കി മൈക്കിൽസംസാരിക്കുക എന്ന് പറഞ്ഞാൽ ചില്ലറ കളിയല്ല, വല്ലാത്തൊരു മനോധൈര്യം വേണമതിന്. അവിടെ നിന്നോടിപോയാലോ എന്ന് പലവട്ടം വിചാരിച്ചെങ്കിലും മനസ്സിന് ധൈര്യം പകർന്ന് സ്വയം പരിചയപ്പെടുത്തി, വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ആ ദിവസം കഴിഞ്ഞു.

ഇലക്ഷൻ ദിവസം അടുത്തു. ആസന്നമായ പരാജയത്തെക്കുറിച്ച് പലരും പറഞ്ഞെങ്കിലും ചില വിദ്യാർത്ഥികളൊക്കെഎനിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞത് എന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. സ്‌കൂളിൽ കൂടെ പഠിച്ചിരുന്നതേർഡ് ഗ്രൂപ്പിലെ പെൺകുട്ടി എനിക്കായ് വോട്ട് ക്യാൻവാസ്‌ ചെയ്‌തെന്ന് മറ്റൊരാൾ വഴി ഞാൻ അറിഞ്ഞു. എനിക്ക്അത്ഭുതം തോന്നി. എനിക്കും ആളൊക്കെയുണ്ട് എന്ന് അഭിമാനം തോന്നിയ നിമിഷം. മറ്റൊരു സംഭവം, എന്റെഅകന്ന ബന്ധു ഞാൻ സഹോദരനാണ് എന്ന് പറഞ്ഞ് എനിക്കായ് വോട്ടു അഭ്യർത്ഥിച്ച് എന്റെ കൂടെപ്രചാരണത്തിന്റെ അവസാന ആഴ്ച വരെ നിന്നു. എന്നെ പിന്തുണച്ച ഈ രണ്ടുപേരും പെണ്കുട്ടികളാണ്എന്നുള്ളത് തികച്ചും യാദൃശ്ചികമായിരുന്നു.

ഇലക്ഷന്റെ തലേ ദിവസം കോളേജിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി. അക്കാരണത്താൽ പെൺകുട്ടികളിൽ പലരുംവോട്ട് ചെയ്യാൻ വരാൻ സാധ്യത കുറവാണെന്നായിരുന്നു നേതാക്കന്മാരുടെ നിഗമനം. എന്നാൽ ഞങ്ങളെഅത്ഭുതപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികളുടെ നീണ്ടനിര വോട്ടിങ്ങിനുണ്ടായിരുന്നു. ഒരു അവസാനം ശ്രമം എന്നനിലയിൽ വോട്ട് ചെയ്യാൻ വരിയിൽ നിൽക്കുന്ന ആളുകളോടും ഞാൻ വോട്ടു ചോദിച്ചു, പലരും സൗമ്യമായി തലകുലുക്കി. ചിലർ അർത്ഥഗർഭമായി ചിരിച്ചു. ചുരുക്കം ചിലർ ഉറപ്പു നൽകി. വോട്ടെണ്ണുന്നത് വിദ്യാർത്ഥികളുടെയുംഅധ്യാപകരുടെയും സാന്നിധ്യത്തിലാണ്. എന്റെ കൗണ്ടിംഗ് റൂമിൽ പാർട്ടികളെ പ്രതിനിധീകരിച്ച് കൗണ്ടിംഗ്ഏജന്റുകളും സ്ഥാനാർത്ഥികളും മാത്രമാണ് ഉണ്ടായിരുന്നത്. എതിർ സ്ഥാനാർഥി അവിടെ വന്നിരുന്നില്ല. അക്ഷമരായി പ്രധാനപ്പെട്ട രണ്ടു പാർട്ടികളുടെയും നേതാക്കന്മാരും അവരുടെ അനുയായികളും റിസൾട്ട്അറിയുന്നതിനായി നോക്കി നിൽക്കുന്നു, ചില ഫല സൂചനകൾ ഉണ്ടെങ്കിലും മൊത്തത്തിൽ ഒരു അനശ്ചിതത്വംഉണ്ട്. വോട്ടെണ്ണൽ തുടങ്ങി. ശ്രദ്ധയോടെ വോട്ടുകൾ എണ്ണിത്തുടങ്ങി. ചില ബാലറ്റുകളിൽ അഭിപ്രായഭിന്നതഉണ്ടായിരുന്നെങ്കിലും അധ്യാപകർ വിദ്യാർത്ഥികളെ അനുനയിപ്പിച്ച് അവരുടെ ജോലി തുടർന്നു. എന്റെജീവിതത്തിലെ ആദ്യത്തെ തെരെഞ്ഞെടുപ്പ്. വളരെ അവിചാരിതമായി സ്ഥാനാർത്ഥിയായി. കൂടെ നിന്നവർ പലകാരണങ്ങൾ പറഞ്ഞ് മറ്റു പലർക്കൊപ്പം പോയി. വലിയ ഒരു പാനലിന്റെ കൂടെയാണെങ്കിലും ഏതാണ്ട് ഒറ്റക്ക് തന്നെപൊരുതി. എണ്ണിക്കൊണ്ടിരിക്കുന്ന വോട്ടുകൾക്കൊപ്പം എന്റെ ഹൃദയമിടിപ്പും കൂടികൊണ്ടിരുന്നു. അദ്ധ്യാപകർ രണ്ടുവട്ടം വോട്ടുകളെണ്ണി ഉറപ്പു വരുത്തി. അപ്പുറത്തെ സ്ഥാനാർത്ഥിക്കായി കൗണ്ടിംഗ് ഏജന്റും കൗണ്ടിംഗ് ഏജന്റ്ഇല്ലാത്ത ഞാൻ സ്വയവും അവർ കാണിച്ചു തന്ന സ്ഥലങ്ങളിൽ ഒപ്പിട്ടു. അതിനിടക്ക് എന്താ തനിക്ക്സന്തോഷമില്ലാത്തത് എന്ന് ഒരു അധ്യാപകൻ ചോദിച്ചു. എനിക്കൊന്നും മനസിലായില്ല. പതിയെ ഞാൻ യാഥാർഥ്യംമനസിലാക്കി, ഞാൻ വിജയിച്ചിരിക്കുന്നു. ജനൽ പാളികളിൽ കൂടി നോക്കിയപ്പോൾ താഴെ നിന്നവരുടെമുഖങ്ങളിലെ വെളിച്ചം മങ്ങുന്നത് ‌ഞാൻ കണ്ടു.

വോട്ടെണ്ണുന്ന മുറിയിൽ നിന്ന് അവേശമൊന്നുമില്ലാതെ പടവുകളിറങ്ങി ഞാൻ താഴേക്ക് ചെന്നപ്പോൾ ഞങ്ങളുടെപാർട്ടിയിലെ കുര്യനും ജേക്കബും കൃഷ്ണാകുമാറും ഓടി വന്നെന്നെ കെട്ടിപിടിച്ചു. എന്നിട്ട് എടാ നമ്മൾ ജയിച്ചുഎന്ന് പറഞ്ഞു. യൂണിവേഴ്സിറ്റി യൂണിയൺ കൗൺസിലർ ഒഴികെ ബഹുപൂരിപക്ഷം സീറ്റുകൾ നേടിയ ഞങ്ങളുടെപാനൽ ചരിത്ര വിജയമാണ് നേടിയിരിക്കുന്നതെന്ന യാഥാർത്ഥ്യം അപ്പോഴാണ് എനിക്ക് മനസിലായത്. വിദ്യാർത്ഥികളുടെ ആവേശം അണപൊട്ടിയൊഴുകി. വിവരമറിഞ്ഞ എല്ലാവരും മുദ്രാവാക്യം വിളികളോടെകോളേജിന്റെ താഴേക്ക്‌ നടന്നു. ഓരോ ചുവടുകൾ കഴിയുമ്പോഴും കൂടെയുണ്ടായിരുന്ന ആളുകളുടെ എണ്ണംകൂടുകയും മുദവാക്യങ്ങളുടെ ശബ്ദം ഉയരുയും ചെയ്തു. പാർട്ടിയുടെ കൊടികൾ ആരൊക്കെയോ കൊണ്ടുവന്നു. വിജയികളെ മുൻനിർത്തി കോളേജിൽ നിന്നാരംഭിച്ച പ്രകടനം ചെങ്ങന്നൂർ പട്ടണം ലക്ഷ്യമാക്കി കുതിച്ചു. ജാഥകോളേജ് ജംഗ്ഷനിൽ എത്തിയപ്പോൾ വിജയിച്ചവരെ ഹാരങ്ങളണിയിച്ചു. ഒരു പതിറ്റാണ്ടിന് മേലെ യൂണിയൻഭരണം അപ്രാപ്യമായിരുന്ന ഞങ്ങളുടെ പാർട്ടിക്ക് അപ്രതീക്ഷിതമായ് ലഭിച്ച വിജയം പ്രവർത്തകർമതിമറന്നാഘോഷിച്ചു. പ്രകടനം ഗവർമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനടുത്തെത്തിയപ്പോൾ ഒരു കടയുടെ മുൻപിൽനിൽക്കുന്ന എന്റെ അച്ഛനെ ഞാൻ കണ്ടു. അതുവരെ മുൻ നിരയിൽ നിന്നിരുന്ന ഞാൻ പതിയെ ഉൾവലിഞ്ഞു. അച്ഛൻ കണ്മുന്നിൽ നിന്ന് കാണാമറയത്തായപ്പോൾ വീണ്ടും മുന്നിലേക്ക് വന്നു. തെരെഞ്ഞെടുപ്പ് വിജയമൊന്നുംഅച്ഛന് പറഞ്ഞാൽ മനസിലാവില്ല. അവസാനം പ്രകടനം നേതാക്കന്മാരുടെ പ്രസംഗങ്ങളോടെ ബഥേൽ ജംഗ്ഷനിൽഅവസാനിച്ചു. ശേഷം എല്ലാവരും അവരവരുടെ വീടുകളിക്കു പോയി, ഞാനും…

പിറ്റേന്ന് കോളേജിൽ തിരികെയെത്തിയപ്പോൾ എല്ലാവരും അഭിനന്ദനങ്ങൾകൊണ്ടുമൂടി. തോമസിന്റെ പാർട്ടിയുംസഖ്യവും തോറ്റെങ്കിലും എന്റെ വിജയം അവൻ ആഗ്രഹിച്ചിരുന്നുവെന്ന് എന്നോട് പറഞ്ഞു. സുനിൽ എന്നെകാണാതെ മാറി നടന്നപ്പോൾ അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ് ഞാൻ അവനെ ചേർത്തുപിടിച്ചു. ക്ലാസ്സുകളിൽ കയറിയിറങ്ങി വോട്ടു ചെയ്തവരോടും ചെയ്യാത്തവരോടും എന്നെ സ്നേഹിച്ച എല്ലാവരോടുമായ്ഞാൻ നന്ദി അറിയിച്ചു. ആപത്ഘട്ടത്തിൽ എനിക്ക് സഹായമായെത്തിയ പെൺസുഹൃത്തുക്കളെ ചെന്നുകണ്ട്പ്രത്യേകം നന്ദി പറഞ്ഞു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഒന്നോ രണ്ടോ യൂണിയൻ മീറ്റിംങ്ങുകളിൽ പങ്കെടുത്തതോടെ ആതെരഞ്ഞെടുപ്പും അതിലെ വിജയവും മനോഹരമായ ഓർമ്മകൾ മാത്രമായ് മാറി.

തിരിഞ്ഞ് നോക്കുമ്പോൾ വലിയ പാഠങ്ങളാണ് ആ കാലം പകർന്നു നൽകിയത്. ജനാധിപത്യത്തിന്റെ ഏറ്റവുംചെറിയ രൂപമാണ് ക്യാംപസ് രാഷ്‌ടീയം എന്ന് ഞാൻ വിശ്വസിക്കുന്നു. ആൾക്കൂട്ടങ്ങൾ മാത്രമല്ല, ആത്മവിശ്വാസത്തോടെയുള്ള നിരന്തരമായ പരിശ്രമമാണ് വിജയങ്ങൾ ഉണ്ടാക്കുന്നത് എന്ന് എന്നെ പഠിപ്പിച്ചത്എന്റെ കലാലയ കാലത്തെ അനുഭവങ്ങളാണ്. ‘മീറ്റ് ദി കാൻഡിഡേറ്റ്’ പരിപാടിക്കിടയിൽഒളിച്ചോടിയിരുന്നുവെങ്കിൽ…, അതുണ്ടാക്കി തന്ന ആത്മവിശ്വാസമാണ് ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നത്. എന്റെ പ്രൊഫഷനിൽ ഈ 25 വർഷങ്ങൾ തികയാൻ പ്രാപ്തനാക്കി തീർത്തത് ആ കാലഘട്ടത്തിൽ ഞാൻഉരുവാക്കിയെടുത്ത മനോധൈര്യമാണ്. രാഷ്‌ടീയം അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം സൗഹൃദങ്ങളുടേത്കൂടിയാണെന്ന് അക്കാലം എന്നെ പഠിപ്പിച്ചു. എബ്രഹാം ഇന്നും അടുത്ത സുഹൃത്താണ്. ഏഴുകടലുകൾക്കപ്പുറമെങ്കിലും നാട്ടിലെത്തുമ്പോഴൊക്കെ ‍കാണാറുണ്ട്. കാണുമ്പോഴെക്കെ ചിരിക്കുവാനുള്ളകഥകളായി അന്നത്തെ പല സംഭവങ്ങളും മാറി. അക്കാലത്തെ സൗഹൃദങ്ങൾ ഇന്നും ഊഷ്മളമായി കൂടെയുണ്ട്. ഒരുവ്യക്തിയെന്നുള്ള നിലയിൽ ആത്മവിശ്വാസം നൽകിയ, ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന, സൗഹൃദത്തിന്റെ വസന്തങ്ങൾ കാണിച്ചുതന്ന, എല്ലാത്തിലും ഉപരി ജീവിതത്തിന്റെ അടിത്തറ പാകിയ, കോളേജ്കാലഘട്ടം ഇന്നും നന്ദിയോടെ ഓർക്കുന്നു.

ലോകം മുഴുവൻ അടച്ചിട്ടിരുന്ന ഒരു കോവിഡ് കാലത്ത്, കഥകൾ പറഞ്ഞ കൂട്ടത്തിൽ എന്റെ കലാലയ ജീവിതത്തിലെഒരുപിടി ഓർമ്മകൾ ഞാൻ അച്ഛനോട് പറഞ്ഞു. സമരകാലത്ത്‌ പിക്കറ്റിങ് നടത്തിയപ്പോൾ പോലീസ് അറസ്റ്റ്ചെയ്തതും തെരെഞ്ഞെടുപ്പിൽ നിന്നതും ജയിച്ചതും എല്ലാം പങ്കുവെച്ചു. അച്ഛന്റെ മുഖത്തെ മന്ദഹാസം ഞാൻശ്രദ്ധിച്ചു.

എൺപത്തിയെട്ട് വയസുള്ള അച്ഛന്റെ ആ ചെറിയ ചിരിയുടെ അർഥം എന്താണെന്ന് മനസ്സിലാക്കാനുള്ള വിവേകംഇപ്പോൾ ആ മകനുണ്ട്…

Leave a Comment